ഇനിയൊന്നുറങ്ങട്ടെ

പകലുറക്കം പതിവില്ലാത്തകൊണ്ട് സന്ധ്യമയങ്ങുമ്പോഴേക്ക് അവൾ ഉറക്കത്തിൻ്റെ താളം പിടിച്ചു തുടങ്ങും. എത്രയോ വർഷമായി രാത്രി ശരിക്കൊന്നുറങ്ങിട്ട്! എന്നും ഓരോ കാര്യങ്ങളുണ്ടാവും പാതിരാത്രി കഴിഞ്ഞും ഉറക്കമിളയ്ക്കാൻ. രാത്രിയുടെ ഏതോ യാമത്തിൽ എങ്ങനെയോ ഒന്നുറങ്ങി വരുമ്പോഴേക്ക് നേരം പരപരാ വെളുത്തുകാണും!

എന്നും അവളുടെ ഉറക്കത്തിൽ പക്ഷേ അവൻ വന്നിരുന്നു. ഇമ്പമാർന്ന മൂളിപ്പാട്ടാവും പലപ്പോഴും. അതിൽ ലയിച്ചവൾ മയക്കം പിടിക്കുമ്പോഴേക്ക് അവൻ മിക്കവാറും കടന്നുകളയും. അങ്ങനെ എത്രയോ രാത്രികൾ!!! ചിലപ്പോഴവന് പറയാനുണ്ടാവുക യുദ്ധക്കളത്തിന്റെയും ചോരപ്പുഴയുടെയും ത്രസിപ്പിക്കുന്ന കഥകളാവും. ആ യുദ്ധത്തിൽ അവന്റെയും ചിലപ്പോൾ അവളുടെയും ഉറ്റവരുടെയും പോലും ചോരപൊടിയും എന്ന് ബോധ്യമുള്ളതുകൊണ്ടാവും, അവൾക്ക് പക്ഷെ അവന്റെ പാട്ടുതന്നെയാണ് കൂടുതൽ ഇഷ്ടം.

കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും മൂളിപ്പാട്ടിനപ്പുറം അവന്റെ ശബ്ദം അവൾ കേട്ടിട്ടില്ല. അതിനൊരു പ്രത്യേക ഈണവും താളവുമായതുകൊണ്ട് അവളതിൽ മിക്കപ്പോഴും ലയിച്ചുപോവുകയാണ് പതിവ്. അവളുടെ ഭർത്താവിനെ ഏറ്റവും കൂടുതൽ അലോസരപ്പെടുത്തിയിരുന്നതും ഇത് തന്നെ! ഇതെന്താ ഇവളിതിങ്ങനെ എന്ന് എന്നും അവൻ ചിന്തവിഹീനനാവാറുണ്ട്. എന്നെക്കാളും നല്ല ഗായകനോ അതോ നായകനോ? എന്തായാലും എനിക്കവനെ വില്ലൻ തന്നെ എന്ന് അവളുടെ അദ്ദേഹം മനസ്സിൽ കുറിച്ചു.

അവളെ എഴുന്നേൽപ്പിച്ചു കാര്യങ്ങൾക്കൊരു തീരുമാനം ഉണ്ടാക്കിയാലോ എന്നദ്ദേഹം പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.. പക്ഷെ അവളുടെ ഉറക്കം കളഞ്ഞാലുണ്ടാവുന്ന പാരിസ്ഥിതിക അസന്തുലിതാവസ്ഥ ഓർത്തു അത് പലപ്പോഴും വേണ്ടെന്നു വെക്കുകയാണ് പതിവ്. പക്ഷെ അന്ന് രാത്രി അദ്ദേഹം തീരുമാനിച്ചു – ഇവളുടെ സ്വപ്നത്തിൽ കല്ലിട്ടിട്ട് തന്നെ കാര്യം!

അന്നു രാത്രി അവൾ പതിവ് പോലെ രാത്രി പണിയൊക്കെ കഴിഞ്ഞു അടുക്കളയുമൊതുക്കി ഒന്ന് ഫ്രഷായി വന്നു കിടന്നു. ഒരു കള്ള പുഞ്ചിരി ആ മുഖത്തുണ്ടായിരുന്നോ? ഇന്നീ കാര്യത്തിന് തീരുമാനം ഉണ്ടാക്കണം. അദ്ദേഹം ഉറപ്പിച്ചു. അവളെന്തോ കാര്യമായിട്ട് മൊബൈലിൽ നോക്കി കിടപ്പാണ്. ഇടയ്ക്ക് ഒരു മന്ദസ്മിതവും വളരെ ഗഹനമായ നോട്ടവും ഒക്കെയുണ്ട് സ്‌ക്രീനിൽ നോക്കിയാണെന്ന് മാത്രം..വെറുപ്പിക്കാനും പറ്റില്ല അടുപ്പിക്കാനും പറ്റുന്നില്ല.. ഇതിപ്പോ എങ്ങനെ ഒന്ന് കോംപ്രമൈസ് ആക്കും എന്ന് ചിന്തിച്ചു കിടന്ന് അദ്ദേഹം ഉറങ്ങിപ്പോയി.

എത്ര നേരം ഉറങ്ങി എന്നറിയില്ല. പെട്ടെന്ന് ഠപ്പോ എന്നൊരു ശബ്ദവും പല്ലിനൊരു വേദനയും വായിലൊരു പുളിപ്പും അനുഭവപ്പെട്ട് അദ്ദേഹം ചാടിയെഴുന്നേറ്റു. ശ്രീമതി നാഗവല്ലിയിൽ നിന്നും ഗംഗയിലേക്ക് നിറം മാറിവരുന്നത് കണ്ടു അദ്ദേഹം ശരിക്കും ഒന്ന് പേടിച്ചു! കുറച്ചു സമയം പിടിച്ചു എന്താ സംഭവിച്ചതെന്ന് മനസ്സിലാക്കിയെടുക്കാൻ – മുഖത്തൊരു നല്ല അടി കിട്ടിയതിന്റെ ശബ്ദവും, പല്ലിളകിയതിന്റെ വേദനയും ചോരയും ആയിരുന്നു സംഭവം. ഒരു കൈകൊണ്ട് കവിളിൽ തലോടി മറു കൈകൊണ്ട് പല്ലിളക്കി നോക്കി അദ്ദേഹം വായിലെ ചോര തുപ്പാൻ എഴുന്നേറ്റു. ശ്രീമതിയെ രൂക്ഷമായി ഒന്ന് നോക്കി.

കേരളസർക്കാർ പറയുന്നത് പോലെ ഭയം വേണ്ട ജാഗ്രത മതി എന്ന് ഇത്രയും നാൾ വിചാരിച്ചതു തെറ്റാണെന്ന് തുപ്പിക്കളഞ്ഞ ചോരയും ഇളകിവന്ന പല്ലും കണ്ടു അദ്ദേഹത്തിന് മനസ്സിലായി. ഇത് കൈവിട്ട കേസാണ്! ഇതിപ്പോ അവിഹിതമാണോ മാടമ്പള്ളിയിലെ ചിത്തരോഗിയാണോ എന്ന് എങ്ങനെ മനസ്സിലാക്കും എന്റെ സണ്ണി ഭഗവാനെ എന്ന് മനസ്സിൽ ചോദിച്ചു ഭയഭക്തി ബഹുമാനത്തോടെ അദ്ദേഹം പുതപ്പും തലയിണയും എടുത്തു സേഫായി സ്വീകരണമുറിയിലേക്ക് വിട്ടു.

എല്ലാം കയ്യീന്നു പോയി എന്ന് അവൾക്ക് മനസ്സിലായി. പറ്റിപ്പോയി!!! പക്ഷെ കാര്യമെന്താണെന്ന് എങ്ങനെ അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കും? എത്ര ദേഷ്യമാണെങ്കിലും കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടെ ഇന്നേവരെ മാറിക്കിടന്നിട്ടില്ല. ഇതിപ്പോ ആകെ പ്രശ്നമായല്ലോ ദൈവമേ! ഈ നശിച്ച കൊതുക്!!!

ഇനി ഇവിടെ നിൽക്കുന്നത് നമുക്ക് ഭൂഷണമല്ല.. അവളായി അദ്ദേഹമായി നാഗവല്ലിയായി ഗംഗയായി സണ്ണിയായി കൊതുകായി അടിയായി വഴക്കായി..

അപ്പൊ ശരി, എല്ലാം ശുഭം. ഗുഡ്ബായ്!!!